മരുന്ന് വിൽപന ഇനി സിസിടിവി നിരീക്ഷണത്തിൽ; റീട്ടെയിൽ ഫാർമസികൾക്ക് പുതിയ നിബന്ധന

രാജ്യത്തെ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിലെ മരുന്ന് വിൽപന സിസിടിവി നിരീക്ഷണത്തിലാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. 1945ലെ ഡ്രഗ്‌സ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മരുന്നുകളുടെ വിൽപനയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും അനധികൃത വിൽപനയും മരുന്നുകളുടെ ദുരുപയോഗവും തടയുകയുമാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യം.

ഭേദഗതി പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാകും. ക്യാമറകളുടെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതിനൊപ്പം റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് സൂക്ഷിക്കണമെന്നും കരടിൽ നിർദേശിക്കുന്നു. അതേസമയം, ഹോൾസെയിൽ മരുന്ന് വ്യാപാര സ്ഥാപനങ്ങളെ പുതിയ സിസിടിവി നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്കും ഫാർമസി സംഘടനകൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച ശേഷമായിരിക്കും നിയമഭേദഗതി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ അന്തിമമായി നടപ്പാക്കുക. മരുന്നുകളുടെ ദുരുപയോഗം, അനധികൃത വിൽപന, അശാസ്ത്രീയമായ സ്വയംചികിത്സ എന്നിവ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *