ദക്ഷിണ റെയിൽവേ വൈദ്യുതീകരണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ചു. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള മുഴുവൻ റെയിൽപാതകളും വൈദ്യുതീകരിച്ചതായി അധികൃതർ അറിയിച്ചു. വൈദ്യുതീകരണം പൂർത്തിയാകാനുണ്ടായിരുന്ന പട്ടുക്കോട്ട–കാരൈക്കുടി സെക്ഷനിലെ 71 കിലോമീറ്റർ പാത കൂടി കഴിഞ്ഞദിവസം വൈദ്യുതീകരിച്ചതോടെയാണ് നേട്ടം കൈവരിച്ചത്.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ആകെ 5,068 കിലോമീറ്റർ പാതകളാണ് വൈദ്യുതീകരിച്ചത്. പട്ടുക്കോട്ട–കാരൈക്കുടി സെക്ഷനിൽ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ ഗണേശിന്റെ നേതൃത്വത്തിൽ പരിശോധനയും നടത്തി.
പൂർണമായും വൈദ്യുതീകരിച്ചതോടെ ഇനി ട്രെയിനുകൾക്ക് വൈദ്യുതീകരിച്ച പാതയിൽ നിന്ന് വൈദ്യുതീകരിക്കാത്ത പാതയിലേക്ക് പ്രവേശിക്കുമ്പോൾ എൻജിൻ മാറ്റേണ്ട സാഹചര്യമുണ്ടാകില്ല. വൈദ്യുതീകരണം പൂർത്തിയാകാത്ത പാതകളിൽ എത്തുമ്പോൾ വൈദ്യുത എൻജിന് പകരം ഡീസൽ എൻജിൻ ഘടിപ്പിക്കേണ്ടിവരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. എല്ലാ റൂട്ടുകളിലൂടെയും ട്രെയിനുകൾക്ക് തടസ്സമില്ലാതെ സർവീസ് നടത്താനും ഡീസൽ ഉപയോഗം പൂർണമായും ഒഴിവാക്കാനും സാധിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ദക്ഷിണ റെയിൽവേയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് 1931-ലാണ്. ബോംബെയ്ക്ക് ശേഷം വൈദ്യുത ട്രെയിൻ സർവീസ് ആരംഭിച്ച രാജ്യത്തെ രണ്ടാമത്തെ മെട്രാപൊളിറ്റൻ നഗരമായി അന്ന് മദ്രാസ് മാറി. പിന്നീട് മദ്രാസ് ബീച്ച്–താംബരം റൂട്ട് 1968-ൽ വൈദ്യുതീകരിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി മറ്റ് റൂട്ടുകളിലേക്കും വൈദ്യുതീകരണം വ്യാപിപ്പിച്ചു.





