ഹോർമൂസ് സ്വന്തമാക്കുമെന്ന് ട്രംപ്; ഇറാന്റെ തിരിച്ചടിയും എണ്ണവില കുതിപ്പും

ഹോർമൂസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനെ പൂർണമായും പരാജയപ്പെടുത്തിയതിന് ശേഷം ഹോർമൂസിന്റെ അവകാശം യുഎസ് ഏറ്റെടുക്കുമെന്നാണ് ന്യൂയോർക്കിൽ അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞത്. എന്നാൽ, തങ്ങളുടെ അനുമതിയില്ലാതെ ഹോർമൂസിലൂടെ ഒരു കപ്പലും കടന്നുപോകില്ലെന്ന് ഇറാൻ വ്യക്തമാക്കി. കടലിടുക്കിന്റെ നിയന്ത്രണം ഇറാന് തന്നെയാണെന്നും ഉപരോധം തുടരുമെന്നും ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീദാബാദി പ്രതികരിച്ചു.

അതേസമയം, ഹോർമൂസ് കടലിടുക്കിൽ യുഎഇ കപ്പലിന് നേരെയുണ്ടായ ആക്രമണം അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) സ്ഥിരീകരിച്ചു. ഓഗസ്റ്റ് 13-ന് രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആളപായമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് എട്ടിനും അഡ്‌നോക് കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം ആക്രമിക്കപ്പെട്ട അഡ്‌നോക് കപ്പലുകളുടെ എണ്ണം ഇതോടെ 17 ആയി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 88.52 ഡോളറായി. അഡ്‌നോക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിലും ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പ്രധാന വിഷയമായി തുടരുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *