മഴ മാറിയതിന് പിന്നാലെ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരിൽ ആശങ്കയാകുന്നു. പനമരം, പൂതാടി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി മണ്ണിരകൾ മണ്ണിന് പുറത്തേക്ക് എത്തി ചാകുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ആദ്യ ദിവസങ്ങളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമായിരുന്നെങ്കിലും ദിവസങ്ങൾ പിന്നിടുമ്പോൾ എണ്ണം വർധിക്കുകയാണ്. റോഡുകളിലും വീടുകളുടെ മുറ്റത്തുമാണ് മണ്ണിരകൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത്. ആരോഗ്യമുള്ള മണ്ണിരകളാണ് കൂടുതലായി ചാകുന്നതെന്നും കർഷകർ പറയുന്നു.
മണ്ണിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവും കനത്ത ചൂടുമാണ് മണ്ണിരകൾ കൂട്ടത്തോടെ ചാകാൻ കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ട് വർഷം മുൻപും സമാനമായ പ്രതിഭാസം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിരകളുടെ കൂട്ടമരണത്തിന് കാരണമെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. മണ്ണിരകൾ കാണപ്പെട്ട പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച മണ്ണ് ജൈവഘടകങ്ങളും പോഷകഗുണങ്ങളും കൂടുതലുള്ളതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സാധാരണയായി 10 മുതൽ 30 സെന്റിമീറ്റർ വരെ ആഴത്തിലാണ് മണ്ണിരകൾ വസിക്കുന്നത്. മണ്ണിന്റെ ഉപരിതലത്തിലെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പ് തേടി കൂടുതൽ ആഴത്തിലേക്ക് പോകുകയാണ് ഇവയുടെ പതിവ്. എന്നാൽ അതിന് വിപരീതമായി മണ്ണിന് മുകളിലേക്ക് എത്തുമ്പോൾ കനത്ത ചൂടേറ്റ് ചാകാനുള്ള സാധ്യതയുണ്ട്. 15 മുതൽ 28 ഡിഗ്രി വരെയുള്ള താപനിലയാണ് മണ്ണിരകൾക്ക് അനുയോജ്യമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ കൂടുതലായുള്ള ചൂട് മണ്ണിരകൾ പുറത്തേക്ക് വരാനും ചത്തൊടുങ്ങാനും കാരണമാകാം. അതേസമയം, മണ്ണിരകളുടെ കൂട്ടമരണം കണ്ട് കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃഷി വിദഗ്ധർ വ്യക്തമാക്കുന്നു.





