.നമ്മുടെ ഇടയിൽ പലരും പലപ്പോഴും പറയുന്ന ഒരു കാര്യമാണ് — “ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.” എന്നാൽ ചിലർക്കിത് ഒരു സാധാരണ പ്രശ്നമല്ല. അത് എ ഡി എച്ച് ഡി (Attention Deficit Hyperactivity Disorder) എന്ന ന്യൂറോഡെവലപ്മെന്റൽ അവസ്ഥയുടെ ഭാഗമായിരിക്കാം. കുട്ടികളിൽ മാത്രം കാണപ്പെടുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിലും, യാഥാർത്ഥ്യത്തിൽ ഇത് മുതിർന്നവരിലും വ്യാപകമായി കാണപ്പെടുന്നു.എ ഡി എച്ച് ഡി തലച്ചോറിന്റെ പ്രവർത്തന രീതിയുമായി ബന്ധപ്പെട്ട ഒരു വ്യത്യസ്ത അവസ്ഥയാണ്, ഇത് പ്രധാനമായും ശ്രദ്ധക്കുറവ്, അമിത സജീവത, ഇംപൾസീവ് പെരുമാറ്റം എന്നീ മേഖലകളിൽ സ്വാധീനം ചെലുത്തുന്നു. ഒരിക്കലും ഇത് മടിയുടേയോ അലംഭാവത്തിന്റേയോ ഫലമല്ല; തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവിന്റെ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രധാന കാരണം.എ ഡി എച്ച് ഡി
ഉള്ളവരുടെ ദൈനംദിന ജീവിതം പലപ്പോഴും പുറത്തുനിന്ന് കാണുമ്പോൾ സാധാരണപോലെ തോന്നാം, പക്ഷേ അവരുടെ ഉള്ളിൽ ഒരുപാട് വെല്ലുവിളികളാണ് നടക്കുന്നത്. സമയക്രമം പാലിക്കാൻ ബുദ്ധിമുട്ട്, ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ വരിക, പലപ്പോഴും വൈകി എത്തുക എന്നിവ സാധാരണമാണ്. ചെറിയ കാര്യങ്ങൾ പോലും വലിയൊരു ഭാരമായി തോന്നുകയും അത് തുടങ്ങാൻ തന്നെ വലിയ പ്രയാസമാകുകയും ചെയ്യുന്നു. മറവിയും ഇതിന്റെ പ്രധാന ഭാഗമാണ് — സാധനങ്ങൾ എവിടെ വെച്ചുവെന്ന് മറക്കുക, ചെറിയ കാര്യങ്ങൾ പോലും ഓർമ്മയിൽ നിലനിർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ഇതോടൊപ്പം, വികാരങ്ങൾ കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നത് കൊണ്ട് പെട്ടെന്ന് ദേഷ്യം വരിക, നിരാശപ്പെടുക, അല്ലെങ്കിൽ ഓവർത്തിങ്കിംഗ് ചെയ്യുക പോലുള്ള അനുഭവങ്ങളും സാധാരണമാണ്.
എന്നാൽ എ ഡി എച്ച് ഡി ഒരു ദൗർബല്യം മാത്രമല്ല. അതിന് ഒരു ശക്തിയുമുണ്ട്. താൽപ്പര്യമുള്ള ഒരു വിഷയമാണെങ്കിൽ, മറ്റെല്ലാം മറന്ന് മണിക്കൂറുകളോളം അതിൽ മുഴുകിയിരിക്കാൻ കഴിയുന്ന അവസ്ഥയാണ് ഹൈപ്പർ ഫോക്കസ് ഈ അവസ്ഥ പലപ്പോഴും സൃഷ്ടിപരമായ ചിന്തകളിലും പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ,എ ഡി എച്ച് ഡി ഉള്ള പലരും creative മേഖലകളിൽ ശ്രദ്ധേയരാകുന്നത് അപൂർവ്വമല്ല.എ ഡി എച്ച് ഡി
യെ പൂർണ്ണമായും മാറ്റേണ്ട ഒരു “രോഗം” എന്നതിലുപരി, മനസ്സിലാക്കി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയായി കാണുന്നത് കൂടുതൽ പ്രായോഗികമാണ്. വലിയ ജോലികളെ ചെറിയ ഭാഗങ്ങളാക്കി തിരിച്ച് ഓരോന്നായി പൂർത്തിയാക്കുന്നത് സഹായകരമാണ്. റിമൈൻഡറുകൾ, മൊബൈൽ നോട്ടുകൾ, അലാറങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മറവി കുറയ്ക്കാൻ സഹായിക്കും. ചിലർക്കു ലഘു സംഗീതം കേൾക്കുന്നത് ശ്രദ്ധ നിലനിർത്താൻ സഹായകരമായേക്കാം. കൂടാതെ, കൃത്യമായ ഉറക്കവും ഭക്ഷണവും ഉൾപ്പെടുന്ന ഒരു സ്ഥിരമായ ജീവിതക്രമം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
ഒടുവിൽ, എ ഡി എച്ച് ഡിഉള്ളവരുടെ ലോകം മറ്റുള്ളവരുടേതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ചിലപ്പോൾ അത് വളരെ വ്യക്തവും ക്രമബദ്ധവുമായിരിക്കും, മറ്റു ചിലപ്പോൾ ചിതറിപ്പോയ ചിന്തകളുടെ ഒരു പ്രവാഹംപോലെ തോന്നും. എന്നാൽ അത് ഒരു കുറവല്ല; മറിച്ച് ഒരു വ്യത്യസ്തമായ തലച്ചോറിന്റെ പ്രവർത്തനമാണ്. അതിനെ ഭയപ്പെടുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് പകരം, മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാനാണ് നമ്മൾ പഠിക്കേണ്ടത്. അതാണ് കൂടുതൽ സമതുലിതവും ആത്മവിശ്വാസമുള്ളതുമായ ജീവിതത്തിലേക്കുള്ള വഴി.



