രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറാണ് ധുരന്ധര്‍. പാക്കിസ്ഥാനിലെ ല്യാരി പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, രണ്‍വീര്‍ സിങ്ങിന്റെ ഗംഭീര പ്രകടനം,ആക്ഷന്‍ രംഗങ്ങള്‍, പശ്ചാത്തല സംഗീതം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ഇതിനോടകം ഈ ആക്ഷൻ ത്രില്ലർ ലോകമെമ്പാടുമായി 1,100 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്.
ഇപ്പോള്‍ ചിത്രത്തിന്റെ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ല്യാരി നിവാസികള്‍.ല്യാരിയിലെ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണെന്നും ചിത്രത്തിന്റെ വരുമാനത്തില്‍ നിന്ന് 500 കോടി രൂപയെങ്കിലും നല്കിയാല് അത് വികസനത്തിനായി ഉപയോഗിക്കാമെന്നും പ്രദേശവാസികള്‍ പറയുന്നു. ല്യാരിയുടെ പേരില്‍ അവിടത്തെ സാഹചര്യങ്ങള്‍ ഉപയോഗിച്ചുമാണ് വരുമാനം വരുന്നത്. അതിനാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ നല്ലൊരു തുക സംഭാവന നല്‍കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ല്യാരി നിവാസികളുടെ ഈ പ്രതികരണങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.സിനിമയുടെ നേട്ടത്തിനൊപ്പം ല്യാരിയിലെ ദുരവസ്ഥ കൂടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
അമേരിക്കയില്‍ നിന്നും ഐ.എം.എഫില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ ലഭിച്ചിട്ടും ല്യാരിയുടെ വികസന പദ്ധതികള്‍ക്കായി പാകിസ്താന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.
