ഇന്ത്യ – ന്യൂസിലൻഡ് ബന്ധത്തിൽ പുതിയ ചരിത്രം

ഇന്ത്യ-ന്യൂസിലൻഡ് ഉഭയകക്ഷി ബന്ധത്തിൽ ചരിത്രപരമായ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായി.

സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയൊരു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് നീങ്ങുന്ന ഇന്ത്യയും ന്യൂസിലൻഡും യഥാർത്ഥത്തിൽ ‘സ്വാഭാവിക പങ്കാളികൾ’ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്കിടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും രണ്ട് ദിവസത്തെ ഈ ഔദ്യോഗിക സന്ദർശനത്തിനുണ്ട്.

ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പിന്തുണ നൽകിയതിന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനോടും ന്യൂസിലൻഡ് ജനതയോടും പ്രധാനമന്ത്രി മോദി തന്റെ നന്ദി രേഖപ്പെടുത്തി. പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ഊർജത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ഈ നാഴികക്കല്ല് ഇരുരാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്നും, തന്റെ സന്ദർശനത്തിലൂടെ ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ കരുത്ത് പകരുന്ന ‘ചരിത്രപരമായ നാഴികക്കല്ലാണ്’ ഈ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്‌ടിഎ) പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം പ്രശംസിച്ചു. ക്രിസ്റ്റഫർ ലക്സൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് എഫ്‌ടിഎ നടപടികൾക്ക് തുടക്കമായതെന്നും, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ കരാർ യാഥാർഥ്യമാക്കാൻ ന്യൂസിലൻഡ് ഭരണകൂടം ഒരുമിച്ച് പ്രവർത്തിച്ച രീതി ആഗോളതലത്തിൽ തന്നെ അപൂർവമായ ഒരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും പങ്കിടുന്ന ശക്തമായ ജനാധിപത്യ മൂല്യങ്ങളാണ് ഇന്ത്യയെയും ന്യൂസിലൻഡിനെയും കൂടുതൽ അടുത്ത പങ്കാളികളാക്കുന്നത്. ഈ സഹകരണം വരുംദിവസങ്ങളിൽ ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ രീതിയിൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്കായുള്ള കൂട്ടായ സംഭാവന വർധിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാനത്തിന് വേണ്ടി നിലകൊള്ളുകയും സമാധാനത്തിലൂടെ ആഗോള ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇരുരാജ്യങ്ങൾക്കും ലോകത്തിനുതന്നെ മാതൃകയായ ഒരു പ്രേരകശക്തിയായി മാറാൻ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.