മംഗളുരുവിനെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് അടർത്തിയെടുത്ത് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതോടെ കർണാടക ലോബിയുടെ വർഷങ്ങളായുള്ള നീക്കത്തിന് വിജയം. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളുരുവിനെ സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ കേരളം പ്രതിഷേധിക്കുമ്പോൾ, ദക്ഷിണ കന്നടയിൽ ഇത് ചരിത്രവിജയമായാണ് ആഘോഷിക്കുന്നത്. നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച ദക്ഷിണ കന്നട എം.പി. ബ്രിജേഷ് ചൗട്ടയ്ക്ക് അഭിനന്ദനപ്രവാഹവുമുണ്ട്.
മംഗളുരുവിനായി കർണാടക ലോബി വർഷങ്ങളായി സമ്മർദം ശക്തമാക്കിയിരുന്നു. 2024 ജൂലായിൽ മംഗളുരുവിനായി ഏക റെയിൽവേ സോൺ ഭരണത്തിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയതായിരുന്നു നിർണായക നീക്കം. ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്കുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയച്ചത്.
സുറത്ത്കൽ, പനമ്പൂർ, തോക്കൂർ, പടീൽ, മംഗളുരു ജംഗ്ഷൻ, മംഗളുരു സെൻട്രൽ, ഉള്ളാൽ, മഞ്ചേശ്വരം എന്നിവ ഉൾപ്പെടുന്ന മംഗളുരു സെക്ഷനായിരുന്നു നിർദേശത്തിലെ പ്രധാന ഭാഗം. ഇതിൽ സുറത്ത്കൽ മാത്രമാണ് കൊങ്കൺ റെയിൽവേയുടെ കീഴിലുള്ളത്. ബാക്കിയുള്ള സ്റ്റേഷനുകളെല്ലാം പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നു. എന്നാൽ അന്ന് മംഗളുരു പാലക്കാടിന് നഷ്ടമാകില്ലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരും പാലക്കാട് ഡിവിഷൻ അധികൃതരും വ്യക്തമാക്കിയിരുന്നു. പിന്നീട് കർണാടക ലോബിയുടെ ആവശ്യം തന്നെ നിർണായകമായി.
ദക്ഷിണ റെയിൽവേ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവയുടെ കീഴിലായി മംഗളുരു മേഖല വിഭജിക്കപ്പെട്ടതിനാൽ വികസനത്തിന് തടസ്സമുണ്ടാകുന്നുവെന്നായിരുന്നു കർണാടകയുടെ പ്രധാന വാദം. 2024 ജൂലായിൽ മന്ത്രി സോമണ്ണ മംഗളുരുവിൽ പങ്കെടുത്ത യോഗത്തിലും ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടു. പാലക്കാട് ഡിവിഷനിൽനിന്ന് മംഗളുരുവിനെ അടർത്തി സ്വതന്ത്ര നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യം ഒടുവിൽ നടപ്പായതോടെ പാലക്കാട് ഡിവിഷന്റെ നഷ്ടങ്ങളുടെ പട്ടിക വീണ്ടും നീളുകയാണ്.





