സൂര്യയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീനി’ന്റെ പ്രീ-റിലീസ് ചടങ്ങിൽ രസകരമായ വെളിപ്പെടുത്തലുമായി നടൻ സൂര്യ. നസ്രിയയ്‌ക്കൊപ്പം അഭിനയിക്കാൻ ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നും ഇതിനായി മൂന്ന് തവണ സമീപിച്ചെങ്കിലും താരം ക്ഷണം നിരസിച്ചെന്നും സൂര്യ പറഞ്ഞു. എന്നാൽ നാലാം തവണ ക്ഷണിച്ചപ്പോൾ നസ്രിയ സമ്മതം അറിയിക്കുകയായിരുന്നുവെന്നും ഹൈദരാബാദിൽ നടന്ന ചടങ്ങിൽ താരം വെളിപ്പെടുത്തി.
നസ്രിയയിലെ അഭിനേതാവിനോട് തനിക്ക് വലിയ ഇഷ്ടമാണെന്നും അവരുടെ ആത്മവിശ്വാസവും കൃത്യതയും അഭിനയത്തോടുള്ള അർപ്പണബോധവും ഏറെ ആകർഷിച്ചിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ഓരോ സീനിനും മുന്നോടിയായി നടത്തുന്ന തയ്യാറെടുപ്പുകളും നസ്രിയയുടെ സ്വാഭാവികമായ അഭിനയശൈലിയും എടുത്തുപറഞ്ഞ താരം, ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെ മനോഹരമാക്കാൻ നസ്രിയയ്ക്ക് സാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
സിനിമയിലെ ഫൈറ്റ് രംഗങ്ങൾക്കായി നസ്രിയ നടത്തിയ കഠിനാധ്വാനത്തെയും സൂര്യ പ്രശംസിച്ചു. സിനിമയിലെത്തി വർഷങ്ങൾ പിന്നിട്ടിട്ടും അതേ ഊർജവും ആവേശവും നസ്രിയയിൽ നിലനിൽക്കുന്നുണ്ടെന്നും താരം പറഞ്ഞു. തന്റെ ചിത്രത്തിലേക്ക് ഒടുവിൽ സമ്മതം അറിയിച്ചതിന് നസ്രിയയോട് നന്ദിയും സൂര്യ വേദിയിൽ പങ്കുവെച്ചു.






