ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് കാജൽ അഗർവാൾ. വിവാഹത്തിനും കുടുംബജീവിതത്തിനുമായി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം ഇപ്പോൾ ശക്തമായ തിരിച്ചുവരവിലാണ്. ഇതിനിടെ ഭർത്താവ് ഗൗതം കിച്ച്ലുവുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് കാജൽ. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 13 വർഷം മുമ്പ് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ പിന്നീട് വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടർന്നു. ഇതിനിടെ മറ്റുള്ളവരുമായി ഡേറ്റ് ചെയ്തെങ്കിലും തങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകത തിരിച്ചറിയുകയായിരുന്നു. കോവിഡ് കാലത്താണ് ഒരുമിച്ച് ജീവിക്കണമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. ഇത്തവണ വിവാഹം കഴിക്കുകയോ എന്നെന്നേക്കുമായി പിരിയുകയോ ചെയ്യണമെന്ന നിലപാടാണ് താൻ ഗൗതമിനോട് വ്യക്തമാക്കിയതെന്നും കാജൽ പറഞ്ഞു.
2020 ഒക്ടോബർ 30-ന് മുംബൈയിൽ വെച്ചായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2022 ഏപ്രിലിൽ ദമ്പതികൾക്ക് നീൽ എന്ന മകൻ ജനിച്ചു. ബിസിനസുകാരനായ ഗൗതമിനൊപ്പം കുടുംബജീവിതം ആസ്വദിക്കുന്ന കാജൽ സിനിമയിലും സജീവമാണ്. ‘ക്യൂൻ ഹോ ഗയാ നാ’യിലൂടെ അഭിനയരംഗത്തെത്തിയ താരം ‘തുപ്പാക്കി’, ‘ജില്ല’, ‘വിവേഗം’, ‘മെർസൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയ സാന്നിധ്യമായി.






