വലിയ താരനിര അണിനിരക്കുന്ന റെജിൻ എസ്. ബാബു ചിത്രം ‘ഭൗമ’യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും കൗതുകവും നിറയ്ക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. കഥയുടെ വ്യക്തമായ സൂചനകൾ നൽകാതെ സസ്‌പെൻസും ക്രൈം ഇൻവെസ്റ്റിഗേഷനും നിറഞ്ഞ രംഗങ്ങളിലൂടെ സിനിമയുടെ പ്രമേയത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുകയാണ് ട്രെയിലർ.
വ്യത്യസ്തമായ പ്രമേയങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും ഒരുക്കിയിട്ടുള്ള പുരസ്‌കാര ജേതാക്കളായ സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ശ്രദ്ധേയമായ ‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ഗാനവും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
നവംബർ 12ന് തിയേറ്ററുകളിലെത്തുന്ന ‘ഭൗമ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. വ്യത്യസ്തമായ അവതരണവും ദുരൂഹത നിറഞ്ഞ പ്രമേയവും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.






