ആഗോള വിപണിയിൽ ഡീസൽ ലഭ്യത കുറഞ്ഞത് ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികളുടെ ലാഭം വർധിപ്പിക്കുമെന്ന് ഇക്വിറസ് റിസർച്ചിന്റെ റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള കയറ്റുമതി കുറയുന്നതും പ്രധാന വിപണികളിലെ ഡീസൽ ശേഖരം താഴുന്നതും ഇന്ത്യൻ കമ്പനികൾക്ക് അനുകൂലമാകും. ഡീസലിന്റെ ആഗോള ദൗർലഭ്യം ശുദ്ധീകരണ കമ്പനികളുടെ ലാഭക്ഷമത ഉയർത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2026 നവംബറിൽ ചൈനയിൽ നിന്നുള്ള ഡീസൽ കയറ്റുമതി 8 ലക്ഷം ടണ്ണിൽ താഴെയാകുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ അവസാനത്തോടെ രാജ്യത്തെ വ്യാവസായിക ഡീസൽ ശേഖരം 1.11 കോടി ടണ്ണായി കുറഞ്ഞു. 2011-ൽ കണക്കെടുപ്പ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. അമേരിക്കയിലും ശേഖരം കുറയുന്നതിനാൽ ക്രൂഡ് ഓയിലും ഡീസലും തമ്മിലുള്ള വിലവ്യത്യാസമായ ഡീസൽ ക്രാക്ക് വർധിക്കുന്നത് ഇന്ത്യൻ ശുദ്ധീകരണ കമ്പനികളുടെ വരുമാനത്തിന് ഗുണകരമാകും.
അതേസമയം, പൊതുമേഖലാ എണ്ണ ഉത്പാദകരായ ഒ.എൻ.ജി.സി., ഓയിൽ ഇന്ത്യ എന്നിവ വെല്ലുവിളികൾ നേരിടുകയാണ്. വിൻഡ്‌ഫോൾ ടാക്സ്, എണ്ണ വിപണന കമ്പനികൾക്കുള്ള ഇളവുകൾ, സർക്കാർ ഇടപെടലുകൾ എന്നിവ നിക്ഷേപകരുടെ വിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. പഴയ എണ്ണപ്പാടങ്ങളിലെ ഉത്പാദനം കുറയുന്നതും പുതിയ പദ്ധതികൾ വൈകുന്നതും ഉത്പാദന വളർച്ചയ്ക്ക് തടസ്സമാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.






