കറുപ്പ് സിനിമയുടെ നിർമ്മാണഘട്ടത്തിൽ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സൂര്യ. ചിത്രത്തിന്റെ അവസാനഘട്ടത്തിൽ വലിയ തുക വായ്പയെടുക്കേണ്ടി വന്നെന്നും, എല്ലാ അനിശ്ചിതത്വങ്ങൾക്കിടയിലും തന്നെ പൂർണമായി വിശ്വസിച്ച് കൂടെ നിന്നത് ഭാര്യ ജ്യോതികയാണെന്നും സൂര്യ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“അവസാന സമയത്ത് എനിക്ക് ഒരുപാട് ലോൺ എടുക്കേണ്ടി വന്നു. എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ബുദ്ധിമുട്ട് കുടുംബത്തിനായിരിക്കും. എന്നിട്ടും ജ്യോതിക എന്നെ വിശ്വസിക്കുകയും ഈ തീരുമാനത്തിന് ഒപ്പമുണ്ടാവുകയും ചെയ്തു. അത് എന്റെ ജീവിതത്തിലെ വലിയൊരു ചുവടുവെപ്പായിരുന്നു,” എന്നാണ് സൂര്യ പറഞ്ഞത്. ഇൻഡസ്ട്രിയിൽ വർഷങ്ങളായുള്ള അനുഭവം ഉണ്ടായിട്ടും ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്നും, വിശ്വാസത്തോടെയുള്ള ഒരു വലിയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സൂര്യയുടെ പത്ത് വർഷത്തിനുശേഷമുള്ള വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. നിരവധി പ്രതിസന്ധികൾ മറികടന്ന് റിലീസിലെത്തിയ ചിത്രം വൻവിജയം നേടിയതോടെ, ഇപ്പോൾ സൂര്യയുടെ ഈ തുറന്നുപറച്ചിലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.





