മുല്ലപ്പെരിയാർ സമിതിയിലെ അഴിച്ചുപണിയും രാഷ്ട്രീയ വിവാദങ്ങളും

മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും നിർണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയായ ടി.കെ. ശിവരാജനെ ഏകപക്ഷീയമായി മാറ്റിയിരിക്കുകയാണ്.

മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ കൂടിയായ ശിവരാജന് പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമ്മയെയാണ് പുതിയ പ്രതിനിധിയായി നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞതാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണമെങ്കിലും ഈ നീക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പുതിയ അംഗമായ പ്രൊഫ. എം.എൽ. ശർമ്മ. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്കായി ബൽരാജ് ജോഷി ചെയർമാനായുള്ള ഈ സമിതിക്ക് അതോറിറ്റി രൂപം നൽകിയത്.

അംഗങ്ങളുടെ മാറ്റം ഒഴികെ മറ്റ് നിബന്ധനകളിലൊന്നും മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പുകൾ കേരള, തമിഴ്നാട് സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുല്ലപ്പെരിയാർ ഡാം പുതിയത് പണിയുന്നതിനെതിരെ ഈയടുത്ത് ശക്തമായ പരാമർശം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേരളത്തിന്റെ പ്രതിനിധിയെ സമിതിയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ ഈ പെട്ടെന്നുള്ള നീക്കം പുറത്തുവരുന്നത് എന്നത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ ഇതിനകം തുടക്കമിട്ടുകഴിഞ്ഞു.

പുതിയ മാറ്റങ്ങൾ മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ മലയാളികൾ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *