രജിഷ വിജയന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി ടീം ‘സർദാർ 2’. ചിത്രത്തിലെ നായികയായ രജിഷ വിജയൻ നിറവയറിൽ നിൽക്കുന്ന സ്പെഷ്യൽ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയാണ് നായകനായെത്തുന്നത്. എസ്. ജെ. സൂര്യ, മാളവിക മോഹനൻ, ആഷിക രംഗനാഥ്, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമാണം. പി. എസ്. മിത്രനാണ് തിരക്കഥയൊരുക്കുന്നത്.സർദാർ ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ‘സർദാർ 2’-നു വേണ്ടിയുള്ള വലിയ പ്രതീക്ഷയിലാണ് ആരാധകർ.
‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച രജിഷ വിജയൻ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും ഇപ്പോൾ സജീവ സാന്നിധ്യമാണ്. ഒരു മലയാളി താരം കൂടി നിറഞ്ഞുനിൽക്കുന്ന പോസ്റ്റർ പുറത്തു വന്നതോടെ മലയാളി പ്രേക്ഷകരും ‘സർദാർ 2’ വിനായുള്ള കാത്തിരിപ്പിലാണ്.സെപ്റ്റംബർ 10-ന് ‘സർദാർ 2’ റിലീസ് ചെയ്യും.





