ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത. പരിക്കുമൂലം വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കായികക്ഷമത വീണ്ടെടുത്തതായാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽനിന്ന് അന്തിമ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ നവംബർ 12-ന് താരം ന്യൂസീലൻഡിലേക്ക് യാത്ര തിരിക്കും. ആദ്യ ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേരാനാണ് നീക്കം.
ഒക്ടോബറിൽ നടന്ന ഇറാനി കപ്പിനിടെയാണ് പന്തിന് വശങ്ങളിലെ പേശികൾക്ക് പരിക്കേറ്റത്. ഇതോടെ ഇന്ത്യ എയും ന്യൂസീലൻഡ് എയും തമ്മിലുള്ള മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളിൽനിന്നും താരത്തിന് പിന്മാറേണ്ടിവന്നു. ഒക്ടോബർ 23 മുതൽ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ ചികിത്സയ്ക്കും കായികക്ഷമത വീണ്ടെടുക്കുന്നതിനുമുള്ള പരിശീലനത്തിലായിരുന്നു പന്ത്.
നവംബർ ഒന്നിന് നടത്തിയ ആദ്യ ഫിറ്റ്നസ് പരിശോധനയിൽ വിജയിക്കാനാകാതിരുന്നെങ്കിലും തുടർന്നുള്ള പരിശീലനത്തിലൂടെ താരം മികച്ച പുരോഗതി കൈവരിച്ചു. ഇതിന്റെ ഭാഗമായി നവംബർ 10, 11 തീയതികളിൽ രണ്ട് മാച്ച് സിമുലേഷൻ പരിശീലനങ്ങളിലും പന്ത് പങ്കെടുക്കും. ഇവയിലെ പ്രകടനം തൃപ്തികരമായാൽ അന്തിമ ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കും. ഇതോടെ ന്യൂസീലൻഡ് പരമ്പരയിൽ പന്തിന്റെ സാന്നിധ്യം ഉറപ്പാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.






