അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഏകദേശം 24 ലക്ഷം പെൺകുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായതായി യുനെസ്കോ റിപ്പോർട്ട്. താലിബാൻ അധികാരത്തിലെത്തിയിട്ട് അഞ്ച് വർഷത്തോടടുക്കുമ്പോഴുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തിൽ നിന്ന് ഔദ്യോഗികമായി വിലക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്താനെന്നും യുനെസ്കോ ചൂണ്ടിക്കാട്ടുന്നു.
2021 ഓഗസ്റ്റ് 15 നാണ് രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന് ശേഷം യുഎസും നാറ്റോ സേനയും പിന്മാറിയതിനു പിന്നാലെ താലിബാൻ പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടൊപ്പം സ്ത്രീകളുടെ തൊഴിൽ, പൊതുജീവിതം എന്നിവയിലും കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും മൌലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് തുടരുന്ന നിയന്ത്രണങ്ങളെന്ന് യുനസ്കോ വിലയിരുത്തി. സെക്കന്ററി, ഉന്നതവിദ്യാഭ്യാസം എന്നിവ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉപാധികളില്ലാതെ പുനസ്ഥാപിക്കണമെന്നും യുനസ്കോ താലിബാൻ അധികൃതരോട് ആവശ്യപ്പെട്ടു.





